കേരള തീരത്തുനിന്ന് രാസപദാര്‍ത്ഥങ്ങളുടെ കണ്ടെയ്‌നറുകള്‍ അടിയന്തിരമായി നീക്കണം : മന്ത്രി അടൂര

Posted on Aug 13, 10:50AMകേരളത്തിന്റെ തീരത്ത് രാസപദാര്‍ത്ഥങ്ങളടങ്ങിയ കണ്ടെയ്‌നറുകളും മറ്റു വസ്തുക്കളും അടിഞ്ഞതിനെത്തുടര്‍ന്നുണ്ടായ ആശങ്ക പരിഹരിക്കുന്നതിന് തീരത്ത് കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് കോസ്റ്റ് ഗാര്‍ഡിനോടാവശ്യപ്പെട്ടു.

ഇതു സംബന്ധിച്ച് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി എ.കെ. ആന്റണിയെ ഡല്‍ഹിയില്‍ ചെന്ന് കണ്ട് മന്ത്രി അടൂര്‍ പ്രകാശ് നിവേദനം നല്‍കിയിരുന്നു. എ.കെ. ആന്റണിയുടെ നിര്‍ദ്ദേശാനുസരണം റവന്യൂ വകുപ്പ് മന്ത്രിയെ സന്ദര്‍ശിച്ച കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡന്റ് എ. ആദിനാരായണന് മന്ത്രി ഇത് സംബന്ധിച്ച കത്ത് നല്‍കി.

കാസര്‍ഗോഡ്, കോഴിക്കോട് ഉള്‍പ്പെടെ കേരളത്തിന്റെ കടല്‍തീരത്ത് രാസപദാര്‍ത്ഥങ്ങളും മറ്റു നിരവധി വസ്തുക്കളും അടങ്ങിയ കണ്ടെയ്‌നറുകള്‍ അടിഞ്ഞതായ വാര്‍ത്തയെ തുടര്‍ന്ന് പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലാന്റ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റിനെ ചുമതലപ്പെടുത്തിയിരുന്നു.

പഠനത്തിന്റെ അടിസ്ഥാനത്തില്‍ തിരിച്ചറിഞ്ഞ ആറ് കണ്ടെയ്‌നറുകളില്‍ അഞ്ചെണ്ണത്തില്‍ ഫ്രയോണും ഒരെണ്ണത്തില്‍ ആല്‍ക്കയില്‍ ആമീനുമാണെന്ന് മനസിലാക്കുകയുണ്ടായി. രാസപദര്‍ത്ഥങ്ങളുടെ അളവ് കൃത്യമായി കണ്ടെത്താന്‍ കഴിയാത്തവിധം ഗേജുകള്‍ പ്രവര്‍ത്തനരഹിതമായിരുന്നു.

രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയ കണ്ടെയ്‌നറുകള്‍ തീരത്തുനിന്ന് അടിയന്തിരമായി മാറ്റി ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഷിപ്പിങ് മന്ത്രി ജി.കെ. വാസനും മന്ത്രി കത്തയച്ചിട്ടുണ്ട്. മത്സ്യബന്ധനത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ഭീഷണിയാകുന്ന ഇത്തരം കാര്യങ്ങളില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം എന്ന് കാണിച്ച് കേന്ദ്ര ഷിപ്പിങ് സെക്രട്ടറി ത്രിവേദി, ഡയറക്ടര്‍ ജനറല്‍ ഷിപ്പിങ്‌സ് എന്നിവര്‍ക്കും മന്ത്രി കത്ത് നല്‍കി.

Back to Top