തകര്‍ന്ന റോഡുകള്‍ ഉടന്‍ പുനര്‍ നിര്‍മ്മിക്കും - മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്

Posted on Aug 13, 10:46AMസംസ്ഥാനത്ത് തകര്‍ന്ന മുഴുവന്‍ റോഡുകളിലും യുദ്ധകാലാടിസ്ഥാനത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ തുടങ്ങുവാന്‍ നിര്‍ദ്ദേശം നല്‍കിയതായി പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് അറിയിച്ചു.

റോഡുകളില്‍ ഉടന്‍ ചെയ്യേണ്ട പണികള്‍ നടത്താന്‍ 144 കോടി രൂപ അനുവദിച്ചു. ഇവയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ നേരത്തെ കണക്കാക്കിയിരുന്നതിനേക്കാള്‍ കൂടുതല്‍ തകര്‍ച്ച റോഡുകള്‍ക്ക് ഉണ്ടായിട്ടുണ്ട്.

വാര്‍ഷിക ശരാശരിയെക്കാള്‍ 70 ശതമാനത്തില്‍ അധികമാണ് ഇത്തവണ മഴ പെയ്തത്. ഇങ്ങനെ കാലവര്‍ഷ കെടുതിയും പ്രകൃതിക്ഷോഭവും മൂലം നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുളള റോഡുകള്‍ നന്നാക്കുന്നതിനായി 450 കോടി രൂപ ആവശ്യമായി വരുമെന്നാണ് ഏകദേശ കണക്ക്. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ആ തുക ഏത്രയുംവേഗം കണ്ടെത്താന്‍ ശ്രമിക്കുമെന്ന് മന്ത്രി അറിയിച്ചു. ഓരോ ജില്ലയിലും പൊതുമരാമത്ത് മന്ത്രിയുടെയും മന്ത്രിമാരുടെയും സാന്നിദ്ധ്യത്തില്‍ ജനപ്രതിനിധികളുടേയും ഉദ്യേഗസ്ഥരുടെയും അവലോകനയോഗങ്ങള്‍ വിളിച്ചു ചേര്‍ക്കും.

ഈ മാസം 13 മുതലാണ് അവലോകന യോഗങ്ങള്‍. റോഡ് തകര്‍ച്ചയുടെ കാരണങ്ങള്‍ വിശദമായി പഠിക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കരാറുകാരുടെയും ഉദ്യേഗസ്ഥരുടേയും ഇതിലുളള പങ്ക് അന്വേഷിക്കുമെന്നും ഇതില്‍ പങ്കാളികളായവരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുളള കര്‍ശന നടപടികള്‍ കൈകൊളളുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ഒരു വര്‍ഷത്തിനുളളില്‍ നിര്‍മ്മിച്ചതും പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടന്നതുമായ എല്ലാ റോഡുകളും പരിശോധനയ്ക്ക് വിധേയമാക്കും. റോഡ് നിര്‍മ്മാണത്തില്‍ കൂടുതല്‍ കാലം മെയിന്റനന്‍സ് ഗ്യാരണ്ടി ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ്.

തിരുവനന്തപുരം നഗരറോഡ് വികസന പദ്ധതിയുടെ മാതൃകയിലാണ് ഇത് ഉദ്ദേശിക്കുന്നത്. എന്നാല്‍ നിര്‍മ്മാണത്തിലെ അധിക ചെലവാണ് ഇതിന് തടസ്സമായി നില്‍ക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വരുന്ന ഞായറാഴ്ച പാലക്കാടും മലപ്പുറത്തും അവലോകനയോഗം ആരംഭിക്കും.

തുടര്‍ന്ന് തിരുവനന്തപുരം (ആഗസ്റ്റ് 14), കോട്ടയം (ആഗസ്റ്റ് 16), കൊല്ലം (ആഗസ്റ്റ് 18), തൃശൂര്‍,എറണാകുളം (ആഗസ്റ്റ് 19), കാസര്‍ഗോഡ്,കണ്ണൂര്‍ (ആഗസ്റ്റ് 23), ആലപ്പുഴ (ആഗസ്റ്റ് 26), ഇടുക്കി,പത്തനംതിട്ട (ആഗസ്റ്റ് 27), കോഴിക്കോട്,വയനാട് (ആഗസ്റ്റ് 30) എന്നിവിടങ്ങളില്‍ നടക്കും. അവലോകന യോഗത്തെ തുടര്‍ന്നുളള നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി റോഡ് ഗതാഗതം സുഗമമാക്കുമെന്ന് മന്ത്രി അറിയിച്ചു

Back to Top