മുഖ്യമന്ത്രിയ്ക്ക് നന്ദിപറഞ്ഞ് നിറകണ്ണുമായ് വിനീഷ്

Posted on Aug 05, 07:28PMമുഖ്യമന്ത്രിയ്ക്ക് വളരെ നന്ദിയുണ്ട്, കണ്ണുചിമ്മിയ ക്യാമറകള്‍ക്കു മുമ്പില്‍ നിന്ന് വിനീഷ് പാപ്പച്ചന്‍ പറയുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞിരുന്നു.

സൗദി അറേബ്യയില്‍ ഒന്നരവര്‍ഷം ജയിലില്‍ കിടന്ന വിനീഷിന് നാട്ടില്‍ എത്തിയതും മുഖ്യമന്ത്രിയുടെ ചേമ്പറില്‍ എത്തി മുഖ്യമന്ത്രിയെ കാണാനായതും വിശ്വസിക്കാന്‍ കഴിഞ്ഞില്ല.

സൗദിയില്‍ എത്തിയശേഷം നാലുമാസം മാത്രമാണ് ഇടുക്കി, കുളമാവ് സ്വദേശിയായ വിനീഷ് ജോലി ചെയ്തത്. ട്രാക്ടര്‍ ഓടിക്കവേ കാറുമായി കൂട്ടിയിടിച്ച് സൗദിസ്വദേശി മരിക്കാനിടയായതാണ് ജയില്‍ ശിക്ഷയ്ക്കു കാരണമായത്.

മരിച്ചയാളിന്റെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരമായി (ദിയാഹ്) 36 ലക്ഷത്തിലധികം രൂപ നല്‍കണമെന്നും അവിടുത്തെ കോടതി വിധിച്ചിരുന്നു. ഇതേതുടര്‍ന്ന് പുറത്തിറങ്ങാന്‍ ഒരിക്കലും സാധിക്കില്ല എന്ന് നിര്‍ദ്ധന കുടുംബാംഗമായ വിനീഷ് കരുതി.

കുടുംബാംഗങ്ങളുടെ അപേക്ഷയില്‍ വിനീഷിനെ ജയില്‍ മോചിതനാക്കാന്‍ സാധ്യമായതൊക്കെ ചെയ്യുമെന്ന് പ്രവാസി ഭാരതീയ ദിവസ് പരിപാടിയില്‍ വച്ച് മുഖ്യമന്ത്രി അറിയിച്ചിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയും പ്രവാസി-നോര്‍ക്ക മന്ത്രി കെ.സി.ജോസഫും ഇടപെട്ട് അടിയന്തര നടപടികള്‍ സ്വീകരിക്കുകയും സൗദിയിലെ സന്നദ്ധ പ്രവര്‍ത്തകനും വ്യവസായിയുമായ ആലുങ്കല്‍ മുഹമ്മദ് നഷ്ടപരിഹാര തുക ഒടുക്കി വിനീഷിന്റെ മോചനത്തിന് വഴിയൊരുക്കുകയുമായിരുന്നു.

വിനീഷിനെയും അമ്മയെയും ആശ്വസിപ്പിച്ച മുഖ്യമന്ത്രിയുടെ ചോദ്യത്തിനു മറുപടിയായി ഇനി ഗള്‍ഫിലേക്ക് ഇല്ലെന്ന് വിനീഷ് പറഞ്ഞു. നാട്ടില്‍ തന്നെ ജോലിയെടുത്ത് ജീവിക്കാനാണ് താല്‍പ്പര്യം.

സമാനമായ കേസുകളില്‍ ഗള്‍ഫിലെ ജയിലുകളില്‍ കഴിയുന്ന മലയാളികളെ തിരികെ കൊണ്ടുവരാന്‍ നോര്‍ക്ക വഴി പ്രത്യേക പദ്ധതിയ്ക്ക് ശ്രമിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിമാരായ കെ.സി.ജോസഫ്, പി.കെ.ജയലക്ഷ്മി എന്നിവരും സന്നിഹിതരായിരുന്നു.

Back to Top