അഹാഡ്‌സ് പുനരുജ്ജീവിപ്പിക്കും; ആദിവാസി ഊരുകളില്‍ ഭക്ഷണവും ധാന്യവും ഉറപ്പാക്കും

Posted on Aug 05, 07:26PMഅട്ടപ്പാടിയുടെ വികസനത്തിന് രൂപം കൊടുത്ത, അഹാഡ്‌സ് (അട്ടപ്പാടി ഹില്‍സ് ഏരിയ ഡവലപ്‌മെന്റ് സൊസൈറ്റി) പുനരുജ്ജീവിപ്പിക്കാനും ആദിവാസി ഊരുകളില്‍ ഭക്ഷണവും ധാന്യവും എത്തുന്നത് ഉറപ്പാക്കാനും നടപടികളെടുക്കുന്നതിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കൂടിയ യോഗം തീരുമാനിച്ചു.

ജപ്പാന്‍ സാമ്പത്തികസഹായം നിലച്ചതോടെ മന്ദീഭവിച്ച അഡ്ഹാസിനെയാണ് പുനര്‍ജ്ജീവന്‍ നല്‍കി ഊര്‍ജ്ജിതപ്പെടുത്തുന്നത്. ഇതിനായി പദ്ധതി രൂപീകരിക്കാന്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

186 ആദിവാസി ഊരുകളില്‍ ആഗസ്റ്റ് അവസാനത്തോടെ കമ്മ്യൂണിറ്റി അടുക്കളകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ഇതുവഴി ഗര്‍ഭിണികള്‍, കുട്ടികള്‍, വൃദ്ധര്‍ എന്നിവര്‍ക്ക് പാചകം ചെയ്ത ഭക്ഷണം ലഭിക്കുന്നത് ഉറപ്പാക്കും.

172 അംഗന വാടികള്‍ വഴി പാചകം ചെയ്ത ആഹാരം ലഭ്യമാക്കാനും യോഗത്തില്‍ തീരുമാനമായി. തൊഴിലുറപ്പ് പദ്ധതി ഊര്‍ജ്ജിതപ്പെടുത്താനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കുടുംബത്തില്‍ ഒരാള്‍ക്ക് തൊഴില്‍ നല്‍കുന്നതിന് പുറമേ അധികമായി ഒരാള്‍ക്കുകൂടി തൊഴില്‍നല്‍കും. ഇതിന് അംഗീകാരം ലഭിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കും, വേണ്ടിവന്നാല്‍ അധികതുക സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മുടങ്ങിക്കിടക്കുന്ന 25 ജലസേചന പദ്ധതികള്‍ പ്രവര്‍ത്തനക്ഷമമാക്കും. 6.9 കോടിയുടെ സമഗ്ര ജലസേചന പദ്ധതി തുടങ്ങുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

പ്ലസ് വണ്‍ പ്രവേശനത്തിന് അര്‍ഹതയുള്ള മുഴുവന്‍ ആദിവാസി കുട്ടികള്‍ക്കും അഡ്മിഷന്‍ ലഭിക്കാന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി വേണ്ടിവന്നാല്‍ അധികബാച്ചുകള്‍ തുടങ്ങണം.

സംസ്ഥാനത്തെ ആദിവാസികുട്ടികളില്‍ ബിരുദപഠനത്തിന് യോഗ്യതയുള്ളവര്‍ക്കെല്ലാം പഠനത്തിന് അവസരമൊരുക്കാനും യോഗത്തില്‍ തീരുമാനമായി. അട്ടപ്പാടിക്ക് പ്രത്യേകമായി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ തുടങ്ങുന്നതിനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ കളക്ടറെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. ആദിവാസി അമ്മമാരുടെയും കുട്ടികളുടെയും പോഷകനിലവാരം ഉറപ്പാക്കുന്നത് ഊര്‍ജ്ജിതമാക്കാനും വീടുകളില്‍ പ്രസവം നടക്കുന്നത് നിരുത്സാഹപ്പെടുത്തി വാഹനസഹായം നല്‍കി പ്രസവം ആശുപത്രിയില്‍തന്നെ നടത്താന്‍ പ്രേരിപ്പിക്കുന്നതിനും, കുറുമ്പര്‍ സമുദായത്തിന് പ്രത്യേക ശ്രദ്ധ നല്‍കുന്നതിനും യോഗം തീരുമാനിച്ചു. ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍, ആസൂത്രണവകുപ്പ് മന്ത്രി കെ.സി.ജോസഫ്, പട്ടികജാതി ക്ഷേമമന്ത്രി എ.പി.അനില്‍കുമാര്‍, പട്ടികവര്‍ഗക്ഷേമന്ത്രി പി.കെ.ജയലക്ഷ്മി, പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ചന്ദ്രശേഖര്‍, അംഗം സി.പി.ജോണ്‍, ചീഫ് സെക്രട്ടറി ഇ.കെ.ഭരത്ഭൂഷണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Back to Top