ആനയറ റെയില്‍വേ മേല്‍പ്പാലം ഒക്ടോബര്‍ 31-ന് മുമ്പ് കമ്മീഷന്‍ ചെയ്യും : മന്ത്രി വി.എസ്. ശിവകുമാര്‍

Posted on Aug 05, 07:25PMആനയറ റെയില്‍വേ മേല്‍പ്പാലം ഒക്ടോബര്‍ 31-ന് മുമ്പ് കമ്മീഷന്‍ ചെയ്യുമെന്ന് സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു.

ഇതിനാവശ്യമായ രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. പാലത്തിന്റെ നിര്‍മ്മാണ പുരോഗതി മന്ത്രി വി.എസ്. ശിവകുമാര്‍ നേരില്‍ക്കണ്ട് വിലയിരുത്തിയതിന്റെയും തുടര്‍ന്ന്, പൊതുമരാമത്ത് മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗ തീരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് പാലം നിര്‍മ്മാണം സമയബന്ധിതമാക്കാന്‍ തീരുമാനിച്ചത്.

ഇതനുസരിച്ച്, ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ 90 ശതമാനത്തില്‍ അധികവും പൂര്‍ത്തിയാക്കി. റെയില്‍വേ നേരിട്ട് നടത്തുന്ന ജോലികളില്‍ ഏതാനും സ്ലാബുകളുടെ നിര്‍മ്മാണം ഇനിയും പൂര്‍ത്തിയാകാനുണ്ട്. ഗര്‍ഡറുകളെല്ലാം സ്ഥാപിച്ചുകഴിഞ്ഞു.

കാലവര്‍ഷത്തിന്റെ തീവ്രത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതികൂലാന്തരീക്ഷം സൃഷ്ടിക്കുന്നുണ്ടെങ്കിലും പാലം നിര്‍മ്മാണം ഒക്ടോബര്‍ 31-ന് മുമ്പുതന്നെ പൂര്‍ത്തിയാക്കുമെന്ന് റെയില്‍വേ ഉറപ്പു നല്‍കിയിട്ടുണ്ട്.

കനത്ത മഴയെത്തുടര്‍ന്ന് തിരുവനന്തപുരം നഗരത്തിലെ റോഡുകളിലുണ്ടായ കുഴികളും മറ്റും മഴകുറഞ്ഞാലുടന്‍, പൊതുമരാമത്ത് വകുപ്പ് നന്നാക്കുമെന്നും ഇതിനായി 50 ലക്ഷം രൂപ ചെലവ് വരുമെന്നും മന്ത്രി അറിയിച്ചു.

Back to Top