ഫോണ്‍ ചോര്‍ത്തല്‍ വാര്‍ത്ത അടിസ്ഥാനരഹിതം : സംസ്ഥാന പോലീസ് മേധാവി

Posted on Aug 05, 07:24PMപോലീസ് ചില പ്രധാന വ്യക്തികളുടെ ഫോണ്‍ കാളുകള്‍ ചോര്‍ത്തുന്നുവെന്ന മാധ്യമവാര്‍ത്തകള്‍ അസത്യവും അടിസ്ഥാനരഹിതവുമാണെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

1885-ലെ ഇന്ത്യന്‍ ടെലിഗ്രാഫ് ആക്റ്റും 1951-ലെ ഇന്ത്യന്‍ ടെലിഗ്രാഫ് റൂളും പ്രകാരവും 2000-ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്റ്റ് പ്രകാരവും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, രാജ്യരക്ഷയെ ബാധിക്കുന്ന കാര്യങ്ങള്‍, ഗുരുതരമായ കുറ്റകൃത്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് മാത്രമേ ആരുടെയെങ്കിലും ഫോണ്‍ കാളുകള്‍ നിരീക്ഷിക്കാന്‍ പോലീസിന് കഴിയൂ.

അത്തരത്തില്‍ നിരീക്ഷിക്കുന്നതിന്, ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ മേല്‍നോട്ടത്തിന് വിധേയമായി ഉത്തരവ് നല്‍കാന്‍ അധികാരപ്പെടുത്തിയിട്ടുള്ള ആഭ്യന്തര സെക്രട്ടറിയുടെ അനുമതി ആവശ്യവുമാണ്. ഇത്തരത്തില്‍ നിയമാനുസൃതമല്ലാതെ നിയമവിരുദ്ധമായി യാതൊരു ഫോണ്‍ കാളുകളും കേരള പോലീസ് നിരീക്ഷണത്തിലാക്കിയിട്ടില്ല.

നിയമാനുസൃതം ഫോണ്‍ സംഭാഷണങ്ങള്‍ നിരീക്ഷിക്കാനുള്ള കമ്പ്യൂട്ടര്‍ സംവിധാനം ഉപയോഗിച്ച് നിയമാനുസൃതമല്ലാതെ നേരിട്ട് ചെയ്യുന്നതും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിട്ടുള്ളതുമായ ഫോണ്‍ നിരീക്ഷണം (Off the air interception) സാധ്യവുമല്ല. ഇപ്രകാരം ഫോണ്‍ ചോര്‍ത്തുന്നതിനുള്ള ഏതെങ്കിലും യന്ത്രസാമഗ്രികള്‍ സംസ്ഥാന പോലീസിന്റെ കൈവശമില്ലെന്ന് പോലീസ് മേധാവി പറഞ്ഞു.

അത്തരമൊരു യന്ത്രം ഉപയോഗിച്ച് ഫോണ്‍ നിരീക്ഷിക്കുന്നത് 1885-ലെ ഇന്ത്യന്‍ ടെലിഗ്രാഫ് ആക്റ്റ് പ്രകാരം കുറ്റകരവുമാണ്. ട്രൂ കോളര്‍ എന്നുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തുന്നുവെന്ന വാര്‍ത്തയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് നമ്പര്‍ മനസിലാക്കുന്നതിനുള്ള ഒരു ഓപ്പണ്‍ ആപ്ലിക്കേഷന്‍ ആണ്.

ഇതുപയോഗിച്ച് പോലീസിന് ആരുടെയും ഫോണ്‍ കാളുകളുടെ ഉള്ളടക്കം ചോര്‍ത്താന്‍ കഴിയുകയില്ല. അതിനാല്‍ തന്നെ നിയമാനുസൃതമായ രീതിയിലല്ലാതെ ഫോണ്‍ കാളുകള്‍ നിരീക്ഷണത്തില്‍ വയ്ക്കുന്നതിന് കേരള പോലീസിന് യാതൊരുവിധ സംവിധാനങ്ങളും നിലവിലില്ലെന്നും അത്തരത്തില്‍ ആരുടെയും ഫോണ്‍ നിരീക്ഷണത്തില്‍ ആക്കിയിട്ടില്ലെന്നും അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കുന്നതായും സംസ്ഥാന പോലീസ് മേധാവി പറഞ്ഞു.

Back to Top