തദ്ദേശ സ്ഥാപനങ്ങളുടെ എസ്.സി. പദ്ധതികള്‍ ഫലപ്രദമാക്കാന്‍ നടപടി: മന്ത്രി എ.പി.അനില്‍കുമാര്‍

Posted on Jul 26, 06:17PMതദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കുന്ന എസ്.സി. പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് മാനദണ്ഡത്തില്‍ മാറ്റം വരുത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വകുപ്പ് മന്ത്രിയുമായി ആലോചിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് പട്ടികജാതി പിന്നാക്ക ക്ഷേമ ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍. തിരുവനന്തപുരം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ ചേര്‍ന്ന പട്ടികജാതി വികസന വകുപ്പ് സംസ്ഥാന ഉപദേശകസമിതി യോഗത്തില്‍ ആധ്യക്ഷം വഹിക്കുകയായിരുന്നു മന്ത്രി.

പട്ടികജാതി വിദ്യാര്‍ത്ഥികളുടെ ആനുകൂല്യങ്ങള്‍ ന്യൂനപക്ഷ-പിന്നാക്ക വിഭാഗം വിദ്യാര്‍ത്ഥികളുടേതിനു തുല്യമാക്കാന്‍ ആവശ്യമായ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

പട്ടികജാതി വിഭാഗങ്ങള്‍ വികസന കോര്‍പ്പറേഷനില്‍ നിന്നും സഹകരണ ബാങ്കില്‍ നിന്നും 2006 മാര്‍ച്ച് 31 വരെ എടുത്തതും കുടിശിക വരുത്തിയിട്ടുള്ളതുമായ 50000 രൂപ വരെയുള്ള വായ്പകള്‍ എഴുതിത്തള്ളുന്നതിലേക്കായി പൂള്‍ഡ് ഫണ്ടില്‍ നിന്ന് 17 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഖാദി ബോര്‍ഡില്‍ നിന്നുള്ള വായ്പകള്‍ കൂടി എഴുതിത്തള്ളുന്നതിനും തീരുമാനിച്ചു. പട്ടികജാതി വികസന പദ്ധതികള്‍ പ്രായോഗിക സമീപനത്തിലൂടെ പുനസംഘടിപ്പിക്കുന്നതിന് സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കിയതെന്നും, വിദ്യാഭ്യാസ, വികസന ക്ഷേമ പദ്ധതികളിലെല്ലാം ഇതിന്റെ മാറ്റം പ്രകടമായിട്ടുള്ളതായും മന്ത്രി പറഞ്ഞു.

രാജ്യത്ത് ആദ്യമായി പട്ടികജാതി വികസന വകുപ്പിനുകീഴില്‍ സ്ഥാപിക്കുന്ന പാലക്കാട്ടെ മെഡിക്കല്‍ കോളേജിന്റെ രൂപരേഖയും പദ്ധതി റിപ്പോര്‍ട്ടും പൂര്‍ത്തിയായി വരുന്നു. അടുത്ത അധ്യയനവര്‍ഷം മുതല്‍ പ്രവര്‍ത്തനം തുടങ്ങാനുള്ള ശ്രമം തുടരുന്നതായും മന്ത്രി അറിയിച്ചു. ഇതിലേക്ക് ഷാഫി പറമ്പില്‍ എം.എല്‍.എ.യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് മൂന്നുകോടി രൂപ അനുവദിച്ചിട്ടുള്ളതായും മന്ത്രി അറിയിച്ചു.

സര്‍ക്കാരിന്റെ സീറോ ലാന്‍ഡ് പദ്ധതിയുടെ ഭാഗമായി ഭൂരഹിതരായ പട്ടികജാതിക്കാര്‍ക്കെല്ലാം ഭൂമി വാങ്ങാനുള്ള ധനസഹായം നല്‍കുമെന്നും ഭൂമി ഗുണഭോക്താവിനു തന്നെ സ്വന്തം താത്പര്യമനുസരിച്ച് വാങ്ങുന്നതിനാണ് വകുപ്പ് സാമ്പത്തിക സഹായം നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.

ഭൂമി വാങ്ങി വിതരണം ചെയ്യുന്ന പദ്ധതി വകുപ്പ് നടപ്പാക്കുന്നില്ല. ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിച്ച് ചിലര്‍ ഗുണഭോക്താക്കളെ ചൂഷണം ചെയ്യുന്നത് തടയാന്‍ ഉപദേശക സമിതി അംഗങ്ങള്‍ ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

മുന്‍കാലങ്ങളില്‍ ഭൂമി വാങ്ങാന്‍ വകുപ്പില്‍ നിന്ന് ധനസഹായം ലഭിച്ച് ഭൂമി വാങ്ങിയ ഭവന രഹിതര്‍ക്ക് ഈ വര്‍ഷം മുതല്‍ ഭവന നിര്‍മാണ ധനസഹായ പദ്ധതിയിലേക്കുള്ള ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുമ്പോള്‍ മുന്‍ഗണന നല്‍കുമെന്നും മന്ത്രി അറിയിച്ചു. ഇത് ഒരുലക്ഷത്തില്‍ നിന്ന് രണ്ട് ലക്ഷമാക്കി ഉയര്‍ത്തിയത് ഈ സര്‍ക്കാരാണ്. ഉപദേശക സമിതിയുടെ താത്പര്യം പരിഗണിച്ച് ഇനിയും വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണിക്കും. സര്‍ക്കാരിന്റെ ബൃഹത്തായ വികസന പദ്ധതിയായ സ്വയം പര്യാപ്ത ഗ്രാമം ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്ത 120 ഗ്രാമങ്ങളില്‍ തുടക്കം കുറിച്ചതായും ഇതിലേക്ക് 120 കോടി രൂപ അനുവദിച്ചു കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

ഈ വര്‍ഷം 100 ഗ്രാമങ്ങളില്‍ കൂടി ഈ പദ്ധതി നടപ്പാക്കും. പട്ടികജാതി പീഡന നിരോധന നിയമപ്രകാരം ലഭിക്കുന്ന പരാതികള്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെ കൈകാര്യം ചെയ്യാന്‍ നടപടി സ്വീകരിച്ചിട്ടുള്ളതായി ഡി.ജി.പി. കെ..എസ്.ബാലസുബ്രഹ്മണ്യന്‍ ഉപദേശക സമിതിയെ അറിയിച്ചു.

വീഴ്ചകള്‍ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. എം.എല്‍.എ.മാരായ എ.കെ.ബാലന്‍, ബി.സത്യന്‍, പുരുഷന്‍ കടലുണ്ടി, ഗീതാഗോപി, കെ.അജിത്, മുന്‍ എം.എല്‍.എ., കെ.കെ.ഷാജു, സംസ്ഥാന ദളിത് കോണ്‍ഗ്രസ് പ്രസിഡണ്ട് വിദ്യാധരന്‍, ഡി.ജി.പി. കെ.എസ്.ബാലസുബ്രഹ്മണ്യന്‍, പട്ടികജാതി വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ആശാ തോമസ്, സെക്രട്ടറി സുമന എന്‍.മേനോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Back to Top