പൊതുവിതരണ രംഗത്തെ കമ്പ്യൂട്ടര്‍വത്കരണം : കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Posted on Jul 26, 06:15PMകേരളത്തില്‍ പൊതുവിതരണരംഗത്ത് സമ്പൂര്‍ണ കമ്പ്യൂട്ടര്‍വത്കരണം ഏര്‍പ്പെടുത്തുകയാണെങ്കില്‍ അത് ഉപയോക്താക്കളെയും ബന്ധപ്പെട്ട മറ്റു വിഭാഗങ്ങളെയും എങ്ങനെ ബാധിക്കും എന്ന് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിക്കപ്പെട്ടിരുന്ന ഏകാംഗ കമ്മീഷന്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു.

ഏകാംഗ കമ്മീഷനായി പ്രവര്‍ത്തിച്ച അഡീഷണല്‍ ചീഫ് സെക്രട്ടറി നിവേദിത പി.ഹരനില്‍ നിന്ന് റിപ്പോര്‍ട്ട് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അദ്ദേഹത്തിന്റെ ചേമ്പറില്‍ ഏറ്റുവാങ്ങി.

പൊതുവിതരണ സംവിധാനത്തില്‍ എന്‍ഡ്-ടു-എന്‍ഡ് കമ്പ്യൂട്ടറൈസേഷന്‍ ഏര്‍പ്പെടുത്തുമ്പോള്‍ റേഷന്‍ കടകളെ എങ്ങനെ കൂടുതല്‍ സുതാര്യവും സാമ്പത്തികക്ഷമവും പൊതുജനോപകാരപ്രദവുമായ രീതിയില്‍ പരിവര്‍ത്തനം ചെയ്യാന്‍ കഴിയുമെന്നും അതിനായി സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികള്‍ എന്തെന്നും ഇതു സംബന്ധിച്ച സാമ്പത്തിക ബാധ്യത എന്തുമാത്രമെന്നും പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നത്.

റേഷന്‍ കാര്‍ഡ് ഉടമകള്‍, സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍, ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്‍ഡ്യ, പൊതുവിതരണ വകുപ്പ്, കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍, അംഗീകൃത മണ്ണെണ്ണ മൊത്ത വിതരണക്കാര്‍ എന്നീ വിഭാഗങ്ങളെ സമ്പൂര്‍ണ കമ്പ്യൂട്ടര്‍വത്കരണം എങ്ങനെ, എത്രത്തോളം ബാധിക്കുമെന്നും തജ്ജന്യമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്നും റിപ്പോര്‍ട്ടിലുണ്ട്.

Back to Top