സ്‌കൂള്‍ കെട്ടിടങ്ങളുടെ പുനരുദ്ധാരണത്തിന് 196.38 ലക്ഷം രൂപ

Posted on Jul 24, 09:58PMഅരുവിക്കര മണ്ഡലത്തിലെ സ്‌കൂളുകളുടെ പുനരുദ്ധാരണത്തിനും പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനും ടോയ്‌ലറ്റുകള്‍ പണിയുന്നതിനും 1,96,38,000 രൂപ സര്‍വശിക്ഷാ അഭിയാനില്‍ നിന്നും അനുവദിച്ചതായി സ്ഥലം എം.എല്‍.എയായ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ അറിയിച്ചു.

വെള്ളനാട് ഗ്രാമപഞ്ചായത്തിലെ വെള്ളനാട് ജി.എല്‍.പി.എസിന് 30 ലക്ഷം രൂപയും, പൂവച്ചല്‍ ഗ്രാമപഞ്ചായത്തിലെ പൂവച്ചല്‍ ജി.യു.പി.എസിന് 60 ലക്ഷം രൂപയും പുതിയ കെട്ടിട നിര്‍മ്മാണത്തിന് അനുവദിച്ചു.

അറ്റകുറ്റപ്പണികള്‍ക്കായി കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ പരുത്തിപ്പള്ളി ജി.എല്‍.പി.എസിന്. 1.18 ലക്ഷം രൂപയും, തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ ചെട്ടിയാംപാറ ഗവണ്‍മെന്റ് ട്രൈബല്‍ ലോവര്‍ പ്രൈമറി സ്‌കൂളിന് 1.47 ലക്ഷം രൂപയും, വിതുര ഗ്രാമപഞ്ചായത്തിലെ ചെറ്റച്ചല്‍ ജി.യു.പി.എസിന് 9.57 ലക്ഷം രൂപയും, ആനപ്പാറ ജി.എച്ച്.എസിന് 12.72 ലക്ഷം രൂപയും, തൊളിക്കോട് പഞ്ചായത്തിലെ ചായം ജി.എല്‍.പി.എസിന് 5.65 ലക്ഷം രൂപയും, വെള്ളനാട് ഗ്രാമപഞ്ചായത്തിലെ വെള്ളനാട് ജി.എല്‍.പി.എസിന് 8.35 ലക്ഷം രൂപയും, അരുവിക്കര ഗ്രാമപഞ്ചായത്തിലെ ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂളുകളായ കോക്കോതമംഗലത്തിന് 11.31 ലക്ഷം രൂപയും, കളത്തുകാലിന് 4.43 ലക്ഷം രൂപയും, യു.പി.സ്‌കൂളായ അഴിക്കോടിന് 11.55 ലക്ഷം രൂപയും, അരുവിക്കര ഹൈസ്‌കൂളിന് 14.87 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.

ടോയ്‌ലറ്റ് പണിയുന്നതിന് ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂളുകളായ അര്യനാടിനും, പറണ്ടോടിനും, കോക്കോതമംഗലത്തിനും, ആര്യനാട് ഹൈസ്‌കൂളിനും 35,000 രൂപ വീതമാണ് അനുവദിച്ചിട്ടുള്ളതെന്നും സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ അറിയിച്ചു.

Back to Top