മത്സ്യത്തൊഴിലാളി ഭവന നിര്‍മ്മാണപദ്ധതിയ്ക്ക് 150 കോടി രൂപ വായ്പ വാങ്ങും

Posted on Jul 24, 09:56PMമത്സ്യത്തൊഴിലാളി ഭവന നിര്‍മ്മാണപദ്ധതിയ്ക്ക് സംസ്ഥാനസര്‍ക്കാര്‍ തിരിച്ച് അടയ്ക്കുമെന്ന വ്യവസ്ഥയില്‍ ഹഡ്‌കോയില്‍ നിന്ന് 150 കോടി രൂപ വായ്പ വാങ്ങുന്നതിന് കേരളസംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന് അനുമതി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി ഫിഷറീസ് തുറമുഖ മന്ത്രി കെ. ബാബു അറിയിച്ചു.

150 കോടി രൂപ സര്‍ക്കാര്‍ ഗ്യാരന്റിയിന്‍മേല്‍ വായ്പ അനുവദിക്കാമെന്ന് ഹഡ്‌കോ സമ്മതിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വീടില്ലാത്ത 25000 മത്സ്യതൊഴിലാളി കുടുംബങ്ങളാണുള്ളത്.

കേരളത്തിലെ എല്ലാ മത്സ്യഗ്രാമങ്ങളിലും കുടിവെള്ളം, ശുചിത്വം, ഭവനനിര്‍മ്മാണം തുടങ്ങിയവ ഉറപ്പുവരുത്തുന്നതിലേയ്ക്കായി 3000 കോടി രൂപ ചെലവു വരുന്ന സമഗ്ര പദ്ധതിയാണ് കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത്.

ഇത് വിവിധ ഘട്ടങ്ങളിലായി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഒന്നാം ഘട്ടത്തിന് ആവശ്യമായി വരുന്ന 350 കോടി രൂപയില്‍ 200 കോടി രൂപ നബാര്‍ഡിന്റെ ആര്‍.ഐ.ഡി.എഫ്. സ്‌കീമില്‍ നിന്നും കണ്ടെത്തുന്നതിനും ബാക്കി 150 കോടി രൂപ ഉഭയസമ്മതപ്രകാരമുള്ള പലിശയിലും തിരിച്ചടവ് കാലാവധിയിലും ഹഡ്‌കോയില്‍ നിന്ന് വായ്പയെടുക്കുന്നതിനുമാണ് തീരുമാനിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ ഭൂരഹിതരായ 11000 മത്സ്യതൊഴിലാളികള്‍ക്കു അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സൗജന്യമായി ഭൂമി നല്‍കുന്ന മുറയ്ക്ക് ഈ പദ്ധതി പ്രകാരം ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ച് നല്‍കും. രണ്ടു ലക്ഷം രൂപയാണ് ഈ പദ്ധതിപ്രകാരം ഒരു മത്സ്യതൊഴിലാളിക്ക് ലഭിക്കുക.

ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം വിവിധ പദ്ധതികളിലൂടെ 5773 മത്സ്യതൊഴിലാളികള്‍ക്ക് സൗജന്യമായി വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയതായും മന്ത്രി അറിയിച്ചു.

Back to Top