പൂജപ്പുര ഗവ. ആയുര്‍വേദ ആശുപത്രിയിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും : മന്ത്രി വി.എസ്. ശിവകുമാര്‍

Posted on Jul 23, 10:54AMആയുര്‍വേദവും അലോപ്പതിയും ഏകോപിപ്പിച്ചുകൊണ്ടുള്ള ചികിത്സ ലഭിക്കുന്ന, സംസ്ഥാനത്തെ ഏക മെറ്റേര്‍ണിറ്റി ഹോസ്പിറ്റലായ പൂജപ്പുര ആശുപത്രിയിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു.

ആശുപത്രിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ആശുപത്രി സന്ദര്‍ശിച്ചശേഷം നടത്തിയ അവലോകനയോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

പുതിയ ഒ.പി. ബ്ലോക്ക്, ഓപ്പറേഷന്‍ തീയറ്റര്‍, പേവാര്‍ഡ്, ജനറല്‍ വാര്‍ഡ്, ഡീലക്‌സ് റൂമുകള്‍, ലേബര്‍ റൂം എന്നിവ ഉള്‍പ്പെടുന്ന പുതിയ ബഹുനിലമന്ദിരത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്നും വൈദ്യുതി, വാട്ടര്‍ കണക്ഷനുകള്‍ എത്രയുംവേഗം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

മന്ദിരത്തിന്റെ ഉദ്ഘാടനം ആഗസ്റ്റില്‍ നടത്തുമെന്നും ആവശ്യമായ ജീവനക്കാരെ ഉടന്‍ നിയമിക്കുമെന്നും അദ്ദേഹം അറിയിച്ചു. വി. ശിവന്‍കുട്ടി എം.എല്‍.എ, കൗണ്‍സിലര്‍ മഹേശ്വരന്‍ നായര്‍, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എസ്. ശിവദാസ്, ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. അശോക്, ആശുപത്രി സൂപ്രണ്ട് എസ്.വൈ. റസിയാ മണി എന്നിവര്‍ സംബന്ധിച്ചു.

Back to Top